പഞ്ചായത്തിലൂടെ
വ്യവസായിക സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചിട്ടുള്ള കുണ്ടറ കേരളത്തിലെ സ്പെഷ്യല്‍ ഗ്രേഡ് പഞ്ചായത്തുകളിലൊന്നാണ്. അഷ്ടമുടിക്കായലിന്റെ ശാഖയായ കാഞ്ഞിരോട്ടു കായലും, കായലോരത്തെ കളിമണ്ണും (ചൈനാക്ളേ) കുണ്ടറയിലെ വ്യാവസായിക സാധ്യതകള്‍ക്ക് ആക്കം കൂട്ടുന്നു. ഈ പഞ്ചായത്തിന്റെ അയല്‍ പഞ്ചായത്തുകള്‍ പവിത്രേശ്വരം (വടക്ക്) എഴുകോണ്‍ (കിഴക്ക്) കരീപ്ര, കൊറ്റങ്കര (തെക്ക്), പേരയം , പെരിനാട് (പടിഞ്ഞാറ്) എന്നിവയാണ്. രണ്ട് പ്രധാന റോഡുകളും ഒരു പ്രധാന റെയില്‍വേ പാതയുമാണ് ഈ പഞ്ചായത്തിന്റെ എടുത്തു പറയത്തക്ക ഗതാഗത മാര്‍ഗ്ഗങ്ങള്‍. പഞ്ചായത്തിലെ പ്രധാന റോഡ് കൊല്ലം, ചെങ്കോട്ട റോഡാണ്. പള്ളിമുക്ക് കല്ലട, കുണ്ടറ, ഭരണിക്കാവ് എന്നിവയാണ് മറ്റു പ്രധാന റോഡുകള്‍. സമുദ്രനിരപ്പില്‍ നിന്നും 60 മീറ്റര്‍ ഉയരം രേഖപ്പെടുത്തിയിരിക്കുന്ന കുണ്ടറ പഞ്ചായത്തിനെ ഇടനില പഞ്ചായത്തുകളില്‍ ഉള്‍പ്പെടുത്താവുന്നതാണ്. ഈ 60 മീറ്റര്‍ സമോച്ഛരേഖ രേഖപ്പെടുത്തിയിരിക്കുന്നത് പഞ്ചായത്തിന്റെ തെക്കുകിഴക്ക് ഭാഗത്ത് കുണ്ടറ റെയില്‍വേ സ്റ്റേഷനടുത്താണ്. തെക്കുകിഴക്കായി ഉയരമുള്ള പഞ്ചായത്തിന്റെ ചരിവ് വടക്കു ഭാഗത്തോട്ടാണ്. പഞ്ചായത്തില്‍ രണ്ട് പ്രധാന തോടുകള്‍ കാണുവാന്‍ സാധിക്കും. ഇതിലെ പ്രാധന തോട് ചാമുണ്ഡീമൂല മുതല്‍ ഓലഭരണിമുക്ക് വരെയുള്ള വലിയ തോടാണ്. മറ്റൊന്ന് കുണ്ടുകുളത്തില്‍ നിന്ന് കാഞ്ഞിരകോട് ഏലായിലേയ്ക്ക് പടിഞ്ഞാറോട്ട് ഒഴുകുന്ന തോട്. സിറാമിക്സിന്റെയും, അലിന്റിന്റെയും അലൈഡിന്റേയും മറ്റും വരവോടെ തദ്ദേശ വാസികളായ കുറച്ചുപേര്‍ ഫാക്ടറി ജീവനക്കാരായി. വയലേലകളിലെ പ്രധാന കൃഷി നെല്ലുതന്നെയായിരുന്നു. തെങ്ങുകൃഷി സര്‍വ്വ സാധാരണമാണ്. ഒപ്പം പറങ്കിമാവും, മാവും, പ്ളാവും, കമുകും ഒക്കെ പോറ്റിയിരുന്ന കുടുംബങ്ങള്‍ നിരവധിയാണ്.
സംസ്ക്കാരം
പഞ്ചായത്തിലെ മിക്ക വാര്‍ഡിലും ആരാധനാലയങ്ങളുണ്ട്. കാവും ചെറു ക്ഷേത്രങ്ങളും കുരിശ്ശടികളും കൂടാതെ കച്ചേരിമുക്ക് ശ്രീകൃഷ്ണ ക്ഷേത്രം, തെറ്റിക്കുന്ന് ശ്രീശങ്കരനാരായണ ക്ഷേത്രം, വേലായുധമംഗല ക്ഷേത്രം (8-ാം വാര്‍ഡ്), തൈക്കാവ് ഇളമ്പള്ളൂര്‍ , മുസ്ളീം പള്ളി പുന്നത്തടം, മാര്‍ത്തോമാ പള്ളി, അസ്സീസി പള്ളി (6-ാം വാര്‍ഡ്) മുളവന ശിവ ക്ഷേത്രം ഇവയും ആരാധനാ സഥലങ്ങളാണ്. പെന്തക്കോസ്തു മിഷന്റെ പ്രാര്‍ത്ഥനാ കേന്ദ്രവും പഞ്ചായത്തിലുണ്ട്. അഷ്ടമിരോഹിണി, മീനത്തിരുവാതിര, ശിവരാത്രിയാഘോഷം, തൈപ്പൂയം, തിരുനാളാഘോഷങ്ങള്‍ എന്നിങ്ങനെ ഉത്സവാഘോഷങ്ങള്‍ നടക്കുന്നുണ്ട്. തണ്ണിക്കോട് ആയിരവില്ലന്‍ ക്ഷേത്രത്തില്‍ കുതിരയെടുപ്പ് പ്രധാനപ്പെട്ട ഒരു സംഭവമാണ്. മതപരമായ പല ആചാരങ്ങളും നില നിന്നു വരുന്നുണ്ട്. മാടനൂട്ട്, ആറാട്ട്, പുള്ളുവന്‍ പാട്ടും നൂറും പാലും സേവ, കണിയൊരുക്കി വിഷുക്കാഴ്ച കാണുന്ന സമ്പ്രദായം, ഓശാനയാഘോഷം, നൊയ്മ്പാചാരം, കൈനീട്ടം കൊടുപ്പ് തുടങ്ങിയ ആചാരങ്ങളൊക്കെ പൊതുവേയുണ്ട്.
വിദ്യാഭ്യാസം
മത്തായി ഡിക്രൂസ് നടത്തി വന്നിരുന്ന ഒരു വിദ്യാലയമാണ് കുണ്ടറയിലെ ആദ്യത്തെ വിദ്യാഭ്യാസ സ്ഥാപനം. 1908 ല്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായി സെന്റ് മാര്‍ഗരറ്റ് കോണ്‍വെന്റ് എന്ന പേരില്‍ ഒരു പ്രാഥമിക വിദ്യാലയം പ്രവര്‍ത്തനം ആരംഭിച്ചു. 1921 മുതല്‍ ഇവിടെ ആണ്‍കുട്ടികള്‍ക്കും പ്രവേശനം നല്‍കിത്തുടങ്ങി. 1949 ല്‍ പെണ്‍കുട്ടികള്‍ക്കുള്ള മിഡില്‍ സ്കൂളായി. 1953 ല്‍ അത് ഹൈസ്കൂളായി ഉയര്‍ത്തി. 1963 ആയപ്പോഴേക്കും ഇന്‍ഡ്യാ ഗവണ്മെന്റിന്റെ സഹായത്തോടെ ഒരു ആഡിറ്റോറിയം സ്ഥാപിക്കുകയും ചെയ്തു. ഇതാണ് പഞ്ചായത്തിലെ ആദ്യ സ്കൂള്‍.
വ്യവസായം
സി.പി. രാമസ്വാമി അയ്യരുടെ കാലത്താണ് വ്യാവസായിക കേന്ദ്രമായി കുണ്ടറ ശ്രദ്ധ പിടിച്ചുപറ്റിയത്. റോഡ്, തീവണ്ടി, ജലം എന്നീ മാര്‍ഗ്ഗങ്ങളിലൂടെയുള്ള ഗതാഗത സൌകര്യവും വിദ്യുച്ഛക്തിയുടെ ലഭ്യതയും അസംസ്കൃത വസ്തുക്കളുടെ ലഭ്യതയും നാട്ടുകാരുടെ സഹകരണവും തൊഴില്‍ ചെയ്യാനുള്ള താല്പര്യവുമാകാം കുണ്ടറ ഒരു വ്യാവസായിക കേന്ദ്രമായി ഉയര്‍ന്നു. ഇന്ന് ജലമാര്‍ഗ്ഗം ഏതാണ്ട് അടഞ്ഞുകഴിഞ്ഞു. എന്നാല്‍ റെയില്‍ മാര്‍ഗ്ഗവും റോഡുമാര്‍ഗ്ഗവും ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. 1904 നവംബര്‍ 26-ന് തിരുനെല്‍വേലി-കൊല്ലം ലൈനും 1918 ജനുവരി ഒന്നിന് കൊല്ലം-തിരുവനന്തപുരം ലൈനും തുറന്നു. അങ്ങനെ റെയില്‍വേ ഭൂപടത്തില്‍ കുണ്ടറയ്ക്കും സ്ഥാനം വന്നു. രാജഭരണ കാലത്തുതന്നെ ഇലക്ട്രിസിറ്റി ഡിപ്പാര്‍ട്ടുമെന്റ് കുണ്ടറയില്‍ പ്രവര്‍ത്തിച്ചിരുന്നു. ഒരു സബ്സ്റ്റേഷനായിരുന്നു അന്നുമുതല്‍ ഈ സ്ഥാപനം. പള്ളിവാസലിനും തിരുവനന്തപുരത്തിനും ഇടയിലുള്ള കേന്ദ്രങ്ങളിലൊന്നായിരുന്നു കുണ്ടറ. കളിമണ്ണ് ഖനനം ചെയ്ത് സംസ്കരിക്കുന്ന കേരള സെറാമിക്സ് ഫാക്ടറിയുടെ കയോളിന്‍ ഡിവിഷനും സെറാമിക്സ് ഉല്പന്നങ്ങളുണ്ടാക്കുന്ന പോര്‍സലൈന്‍ ഡിവിഷനും കാര്യക്ഷമമായി പ്രവര്‍ത്തിച്ചു വന്നിരുന്നു. ഇനാമല്‍ ഫാക്ടറി പൂര്‍ണ്ണമായും നശിച്ചുപോയി. പിയേഴ്സ്ലസ്ളി കമ്പനി തകര്‍ന്നു. 1950-ല്‍ ആരംഭിച്ച അലിന്റിന്റെ രണ്ടുപ്ളാന്റുകളും ഇപ്പോള്‍ തകര്‍ച്ചയിലായിരിക്കുന്നു. 1500 ടണ്‍ വൈദ്യുത വാഹികളായിരുന്നു പ്രവര്‍ത്തനം ആരംഭിച്ചപ്പോള്‍ അലിന്റിന്റെ ഉല്പാദനശേഷി. പിന്നീട് 10,000 ടണ്ണിലധികമാക്കാന് 1971 ആയപ്പോഴേക്കും കമ്പനിക്കു സാധിച്ചു. 1957-ല്‍ ഇന്‍സുലേറ്റഡ് കേബിളുകളുടേയും 1964-ല്‍ അണ്ടര്‍ഗ്രൌണ്ട് കേബിളുകളുടേയും ഉല്പാദനം ആരംഭിച്ചു. 1961-ല്‍ വൈദ്യുത വാഹികള്ക്കുവേണ്ട ഉരുക്കുകമ്പികള്‍ നിര്‍മ്മിക്കാനുള്ള ഫാക്ടറി ജപ്പാന്റെ സഹകരണത്തോടെ സ്ഥാപിതമാവുകയും പ്രവര്‍ത്തനം വിപുലൂകരിക്കുകയും ചെയ്തു. 1962-ല്‍ ഇന്‍ഡ്യയില്‍ നിന്നും സിലോണിലേക്കു കയറ്റുമതി ചെയ്ത ആദ്യത്തെ കേബിളുകള്‍ കുണ്ടറയില്‍ ഉല്പാദിപ്പിച്ചവയായിരുന്നു. കേരളാ ഇലക്ട്രിക്കല്‍ ആന്റ് ഇന്ജിനിയറിംഗ് അലൈഡ് (കെ ഇ എല്‍ ) എന്ന മറ്റൊരു ഫാക്ടറി കുണ്ടറയില്‍ പ്രവര്‍ത്തിക്കുന്നു. ആള്‍ട്ടര്‍നേറ്റുകള്‍ (റെയില്‍വേയ്ക്ക് ആവശ്യമായത്) വൈദ്യുതി ഉല്പാദനത്തിനാവശ്യമായ ഡീസല്‍ ജനറേറ്ററുകള്‍ , മറ്റു സാങ്കേതിക യന്ത്രവിഭാഗങ്ങള് തുടങ്ങിയവ ഇവിടുത്തെ നിര്മ്മിതിയില്പ്പെടുന്നു. ട്രാവന്‍കൂര്‍ കെമിക്കല്‍സ് ആന്റ് മിനറല്‍സ് എന്ന ഫാക്ടറിയും കുണ്ടറയിലാണ്. അതുപോലെ ലക്ഷ്മി സ്റ്റാര്‍ച്ചു ഫാക്ടറിയും കുണ്ടറ വിലാസത്തിലാണ് അറിയപ്പെടുന്നത്. (പഞ്ചായത്തതിര്ത്തിക്കപ്പുറമാണിത്) എഫ് എ സി റ്റി യുടെ ആദ്യ യൂണിറ്റ് കുണ്ടറയാണു സ്ഥാപിച്ചത്. അവിടെ നിന്നുള്ള ദുര്‍ഗ്ഗന്ധം കൊണ്ടും മലിനീകരണം കൊണ്ടും നാട്ടുകാരുടെ ചെറുത്തു നില്‍പ്പുകൊണ്ടും അത് നിര്‍ത്തുകയാണുണ്ടായത്. എഫ് എ സി റ്റി ക്വാര്‍ട്ടേഴ്സ് അലിന്റിന്റെ വകയാണിപ്പോള്. കൊല്ലം ജില്ലയില്‍ 252 കശുവണ്ടി ഫാക്ടറിയുണ്ടെങ്കിലും കുണ്ടറയില്‍ രണ്ട് ഫാക്ടറികളാണ് ഈ മേഖലയിലുളളത്. അതിലൊന്ന് കേരള സ്റ്റേറ്റ് കാഷ്യൂ ഡെവലപ്മെന്റ് കോര്പ്പറേഷന് ഉടമയിലുള്ളതാണ്. കൂടാതെ മോട്ടോര്‍ വര്‍ക്ക് ഷോപ്പുകള്‍ , ലെയ്ത്ത് സെന്ററുകള്‍ , പ്രസ്സുകള്‍ , ആട്ടുമില്ലുകള് , അറക്കമില്ലുകള് , കക്കനീറ്റല് , നാടന്‍ ഭക്ഷ്യവസ്തു നിര്‍മ്മാണം, കൊപ്രാ-വെളിച്ചെണ്ണ മില്ലുകള്‍ , മെഴുകുതിരി നിര്‍മ്മാണം, ബീഡി നിര്‍മ്മാണം, ചോക്കു നിര്‍മ്മാണം എന്നിങ്ങനെ ചെറുകിട തൊഴില്‍ മേഖലകളും പ്രവര്‍ത്തിച്ചു വരുന്നുണ്ട്. ലക്ഷ്മണ ക്ളേമൈന്സും, ഫൈബര്‍ഗ്ളാസ് വാട്ടര്ടാങ്കു നിര്‍മ്മിക്കുന്ന രണ്ടു യൂണിറ്റുകളും വ്യാവസായിക മേഖലയില്‍ പ്രവര്‍ത്തിക്കുന്നവയാണ്. കയര്‍ പിരിപ്പും കായലോരത്ത് നിലനിന്നു വരുന്നു