സ്ഥലനാമ ചരിത്രം
കുണ്ഡ + അറ എന്നും കുണ്ട + അറ എന്നും ശബ്ദം പിരിച്ച് അര്‍ത്ഥം കല്പിക്കുന്നുണ്ട്. ‘കുണ്ഡ’ എന്ന ശബ്ദത്തിന് ദുര്ഗ്ഗയെന്നാണര്ത്ഥം. ‘അറ’ യെന്നാല്‍ ചെറിയ ക്ഷേത്രം. ദുര്‍ഗ്ഗാക്ഷേത്രം (ഇളമ്പള്ളൂര്‍) ഉള്ള സ്ഥലമായതിനാല്‍ കുണ്ഡറ - കുണ്ടറയായെന്നാണ് ഒരഭിപ്രായം. ഇതില്‍ നിന്ന് വ്യത്യസ്തമായ ഒരഭിപ്രായമാണ് ‘ഗുണ്ട് + അറ’ എന്ന പദച്ഛേദം. (ഗുണ്ട് - വെടിയുണ്ട), ഏതോ രാജാക്കന്മാരുടെ സൈനികാവശ്യത്തിനുള്ള വെടിയുണ്ടകള്‍ സൂക്ഷിച്ചിരുന്ന നിലവറകളുള്ള പ്രദേശമെന്ന അര്‍ത്ഥമാണ് ഇവിടെയുള്ളത്. ഏ.ഡി.800-ാം മാണ്ട് മുതല്‍ തമിഴ്നാട്ടില്‍ നിന്നും പലവ്യഞ്ജനങ്ങളും മറ്റുസാധനങ്ങളും കൊല്ലം തുറമുഖത്തും ഇടത്താവളങ്ങളിലും കൊണ്ട് വന്ന് കച്ചവടം ചെയ്തിരുന്നു. കാളകളുടെ ഇരുപുറത്തും ഭാണ്ഡങ്ങളാക്കിയാണ് അത് കൊണ്ടുവന്നിരുന്നത്. കാട്ടുമൃഗങ്ങളില്‍ നിന്നും, കള്ളന്മാരില് നിന്നും കച്ചവട വസ്തുക്കള്‍ രക്ഷിക്കുന്നതിന് ഇടത്താവളങ്ങളില്‍ ഭൂമിയ്ക്കടിയിലെ അറകളാണ് ഉപയോഗിച്ചിരുന്നത്. പുളിയറ, വിലങ്ങറ, പരുത്തിയറ എന്നിങ്ങനെയുള്ള അറകള്‍ക്കു ശേഷം കുണ്ടറയും കേന്ദ്രമായി. കുണ്ടിലുള്ള അറ കുണ്ടറയായി.
(കുണ്ട് = കുഴി) തമിഴില്‍ കുണ്ടൈ എന്നതിന് ചട്ടി, കാള എന്നിങ്ങനെ അര്‍ത്ഥമുള്ളതും ഓര്‍ക്കാം. ഇനിയൊന്നുള്ളത് ഭൂമിശാസ്ത്രപരമായ നിഷ്പത്തിയാണ്. അതനുസരിച്ച് കുന്ന് + തറ എന്ന പദച്ഛേദമാണ് സ്വീകാര്യം. കുന്നും സമലതങ്ങളുമുള്ള (പാടവും കരയും) നിമ്നോന്നത പ്രദേശമാണ് ഇവിയെടുള്ളത്.
ദേശചരിത്രം
കുണ്ടറദേശം മുമ്പ് ദേശിങ്ങനാട്ടു രാജ്യത്തില്‍പ്പെട്ടിരുന്നു. കൊല്ലം, ആറ്റിങ്ങല്‍, കൊട്ടാരക്കര എന്നീ പ്രദേശങ്ങള്ക്കുള്ളിലുള്ള രാജ്യമായിരുന്നു ദേശിങ്ങനാട്. മലയാള രേഖകളില്‍ ചേതങ്ങനാട് എന്നും സംസ്കൃത കൃതികളില്‍ ജയസിംഹനാട് എന്നും കാണുന്നു. തിരുവിതാംകോടു വാണ മാര്‍ത്താണ്ഡ വര്‍മ്മ (1729-1758) ദേശിങ്ങനാട് ആക്രമിച്ചു കീഴടക്കി തിരുവിതാംകോടിനോടു ചേര്‍ത്തു. 1741 ല്‍ ദേശിങ്ങനാട് തിരുവിതാംകൂറില്‍ ചേര്‍ത്തു. രാജഭരണത്തെ സൂചിപ്പിക്കുന്ന ചില ശബ്ദങ്ങള്‍ കുണ്ടറയില്‍ വീട്ടു നാമങ്ങളായുണ്ട്. പടവിളയും കുതിരപ്പന്തിയും മറ്റും അത്തരം സൂചനകള്‍ നല്കുന്നു. ഭൂപ്രഭുക്കന്മാരുടെ സ്ഥാനമാനങ്ങളും പറഞ്ഞു കേള്‍ക്കാനുണ്ട്. മാടമ്പിമാരും പിള്ളമാരും അന്ന് ആദരണീയരായിരുന്നുവത്രേ. കാവും കളരിയുമുള്ള നായര്‍ ഭവനങ്ങളും മറ്റും ഇതിന്റെ അടയാളങ്ങളായിരുന്നു.
1805 ല്‍ ഈസ്റ്റിന്ത്യാ കമ്പനിയുമായുണ്ടായ ഒരു ഉടമ്പടി പ്രകാരം ബ്രിട്ടീഷുകാര്‍ക്ക് തിരുവിതാംകൂറിന്റെ അഭ്യന്തര കാര്യങ്ങളില്‍ ഇടപെടുവാനുള്ള അനുമതിയുണ്ടായി. തുടര്‍ന്ന് ബ്രിട്ടീഷ് മേല്‍ക്കോയ്മയുള്ള ഒരടിമ രാജ്യമായി തിരുവിതാംകൂര്‍ അധ:പതിച്ചു. വേലുത്തമ്പിയുടെ ഉത്തരവുകളില്‍ ചിലതു മെക്കാളെ റദ്ദാക്കി. തമ്പിയുടെ ലക്ഷ്യം ബ്രിട്ടീഷുകാരെ തിരുവിതാംകൂറില്‍ നിന്ന് നിഷ്കാസനം ചെയ്യുകയായിരുന്നു. അതിനു വേണ്ടി 1809 ജനുവരി 11 ന് കുണ്ടറയില്‍ വച്ച് ബ്രിട്ടീഷ് രാജാവിനെ വെല്ലുവിളിച്ചു കൊണ്ട് തമ്പി ഒരു വിളംബരം നടത്തി. ജനങ്ങള്‍ പ്രക്ഷുബ്ധരായി കലാപ സന്നദ്ധരായി. കൊല്ലത്തു വച്ച് ബ്രിട്ടീഷ് പട്ടാളവും തിരുവിതാംകൂര്‍ സേനയും ഏറ്റുമുട്ടി. തിരുവിതാംകൂര്‍ പട്ടാളം പരാജയപ്പെട്ടു. മഹാരാജാവ് ഇതിനിടെ വേലുത്തമ്പിയെ ദളവാ സ്ഥാനത്തുനിന്നു നീക്കി ഉമ്മിണിത്തമ്പിയെ ആ സ്ഥാനത്തു നിയോഗിച്ചു. സേനയെ പിരിച്ച് തിരുവിതാംകൂര്‍ ഗവണ്മെന്റും വേലുത്തമ്പിയെ തെരഞ്ഞു പിടിയ്ക്കാന്‍ സഹായിച്ചു. മണ്ണടി ക്ഷേത്രത്തില്‍ അഭയം തേടിയിരുന്നപ്പോള്‍ ശത്രുക്കള്‍ അതറിഞ്ഞദ്ദേഹത്തെ വളഞ്ഞു. ഇതു മനസ്സിലാക്കി തമ്പി ആത്മഹത്യ ചെയ്തു. (1809 മാര്‍ച്ച്). ഇളമ്പള്ളൂര്‍ ക്ഷേത്ര മൈതാനത്തു വച്ചാണ് വേലുത്തമ്പി ദളവാ കുണ്ടറ വിളംബരം നടത്തിയത്. കുണ്ടറ പള്ളിമുക്കില്‍ വച്ചാണ് ദളവാ വിളംബരം നടത്തിയതെന്നും അഭിപ്രായമുണ്ട്.
വികസന ചരിത്രം
കുണ്ടറയിലെ അഞ്ചലാപ്പീസ് (തിരുവിതാംകൂറിനുള്ളിലേക്കുള്ളത്) ആശുപത്രി മുക്കിനു സമീപം ഇപ്പോള്‍ ടെലിഫോണ്‍ എക്സ്ചേഞ്ച് സ്ഥിതി ചെയ്യുന്ന കെട്ടിടത്തിലാണ് പ്രവര്‍ത്തിച്ചിരുന്നത്. ഒരു മാസ്റ്ററും നാലില്‍ കുറയാതെ ശിപായിമാരും അന്നുണ്ടായിരുന്നു. പള്ളിമുക്കിനപ്പുറം (തിരുവിതാംകൂറിനു പുറത്തേയ്ക്കുള്ളത്) ഒരു പോസ്റ്റോഫീസും പ്രവര്‍ത്തിച്ചിരുന്നു. അമ്പലംമുക്കില്‍ റോഡരുകില്‍ രണ്ടു മുറികളുള്ള ഒരു ചെറിയ കെട്ടിടത്തില്‍ ഒരു ഹെഡ്കോണ്‍സ്റ്റബിളും രണ്ടു പോലീസുകാരും ഉള്ള ഔട്ട് പോസ്റ്റ് സ്റ്റേഷന് പ്രവര്‍ത്തനമാരംഭിച്ചു. ഇപ്പോഴത്തെ പോലീസ് സ്റ്റേഷന് ഉദ്യോഗസ്ഥന്മാരുടെ സത്രമായിരുന്നു. പഴയ പോലീസ് ഔട്ട് പോസ്റ്ററിനോടനുബന്ധിച്ച് വിള നശിപ്പിക്കുന്ന കന്നുകാലികളെ സൂക്ഷിക്കാനുള്ള ഇടവും വാച്ചുമാനുമുണ്ടായിരുന്നു. ഉടമ സൂക്ഷിപ്പു കൂലി അടച്ച് കാലികളെ മോചിപ്പിക്കണമായിരുന്നു. ഏ.ഡി 1908 ല്‍ ആറുമുറിക്കടയ്ക്ക് കിഴക്കായിയിരുന്നു സബ് രജിസ്റ്ററര്‍ കച്ചേരി. ഇപ്പോഴത്തെ വില്ലേജാഫീസ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് റയില്‍വേ എന്‍ജിനീയറുടെ ബംഗ്ളാവും കുതിരാലയവുമായിരുന്നു. ആദ്യ അച്ചടിശാല - സാഹിത്യ വിലാസം പ്രസ്സാണ്. മറുതായത്ത് കോശിസാര്‍ പള്ളിമുക്കില്‍ സ്ഥാപിച്ചു പ്രവര്‍ത്തനം നടത്തിയതാണത്. കുണ്ടറ വലിയ പളളിയുടെ സഹസ്രാബ്ദി ആഘോഷം 1970 ല്‍ ആണ് നടന്നത്. അത്രത്തോളം പഴക്കമുള്ള ഈ പള്ളി ഹൈന്ദവ മാതൃകയിലുള്ള ആരാധനാലയമായിരുന്നു. ഇളയിടത്ത് മഹാരാജാവിന്റെ കാലത്ത് ട്രസ്റ്റിയായി നിയോഗിച്ചത് പിള്ളവീട്ടുകാരെയായിരുന്നുവത്രെ. ഇപ്പോഴും ശ്രാദ്ധ ദിവസം പിള്ളവീട്ടുകാര്ക്ക് കാണിക്ക നല്കുന്ന പതിവുണ്ട്. ഭദ്രകാളിയുടേയും മറ്റും കൊത്തുപണിയുള്ള ഒരു ഉത്തരം പുതിയ പള്ളിയിലും സംരക്ഷിക്കപ്പെട്ടിട്ടുണ്ട്. ചെപ്പേട് ഭാഷാമാതൃകയിലുള്ള ലിഖിതങ്ങളും ഇതിലുണ്ട്. (അതില്‍ 693 മേടം 24 എന്ന് രേഖപ്പെടുത്തിയിട്ടുള്ളതില്‍ നിന്ന് 15-ാം നൂറ്റാണ്ടവസാനത്തില് ക്രിസ്ത്യാനികള്‍ ഇവിടെ കുടിപ്പാര്‍പ്പു തുടങ്ങി എന്ന് ഊഹിക്കുന്നു.) ക്ഷേത്ര മാതൃകയിലുള്ള കല്‍വിളക്കും ഇവിടെയുണ്ട്. പ്രവേശന മന്ദിരം പഴയ മാതൃകയില്‍ തന്നെ ഇപ്പോഴുമുണ്ട്. മാര്‍ ആന്ത്രയോസ് ബാവ (വലിയപ്പൂപ്പന് ) യെയാണ് ഇവിടെ ആരാധിക്കുന്നത്. പള്ളിശ്രാദ്ധവും തൊട്ടടുത്ത ഇണ്ടിയപ്പന് ക്ഷേത്രത്തിലെ ഉത്സവവും അടുത്തടുത്ത ദിവസങ്ങളിലാണിപ്പോഴും നടക്കുന്നത്. മത സൌഹൃദത്തിന്റെ മഹനീയ മാതൃകയായി ഇത് കണക്കാക്കുന്നതില്‍ തെറ്റില്ല.